Your browser does not support HTML5 video.
വിശുദ്ധ വാരത്തിൽ വ്യതസ്തമായ ദൃശ്യാനുഭവം ഒരുക്കി കേഫാ ടിവി. “ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020” (Digital Easter Experience 2020) എന്ന പേരിൽ വ്യക്തികൾക്കും, കൂട്ടായ്മകൾക്കും, ചർച്ചുകൾക്കും സ്വന്തം ഭവനത്തിൽ ഇരുന്നു യേശുവിന്റെ മരണ-പുനരുദ്ധാനങ്ങളെ ധ്യാനിക്കുവാനും, വ്യക്‌തിഗത-ഗ്രൂപ്പ് ബൈബിൾ സ്റ്റഡിയിൽ ഏർപ്പെടുവാനും സഹായിക്കുന്ന ഒരു പ്രോഗ്രാം ആണ്. ഏപ്രിൽ 6 (തിങ്കൾ) മുതൽ ഏപ്രിൽ 12 (ഞായർ) വരെ എന്നും രാവിലെ 10 മണിക്ക് കേഫാ ടി.വിയുടെയും, ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന മറ്റു പാർട്ണർ പേജുകളുടെയും, ഫേസ്ബുക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിൽ വിഡിയോകൾ ലൈവ് ആയി ലഭ്യമാകും.
യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ഒരു ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ള യേശുവിന്റെ മഹത്തായ ത്യാഗവും, പുനരുത്ഥാനത്തിന്റെയും കഥകൾ സ്മരിക്കുന്നതിനോടൊപ്പം നമ്മുടെ ജീവിതത്തിൽ യേശുവിന്റെ ഭാവം പ്രാവർത്തികമാക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രോഗാം ആണ് ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്. കോവിഡ് ലോക്ക്ഡൗണിൽ ഭവനത്തിൽ കഴിയുമ്പോൾ ദൈവവചനം ധ്യാനിക്കുവാനും, ആത്മിക അഭിവൃദ്ധി പ്രാപിക്കുവാനും, ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോടൊപ്പം ചർച്ചകളിൽ പങ്കെടുക്കുവാനും ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കും.
അതാതു ദിവസത്തെ പ്രോഗ്രാം കാണുവാൻ താഴേക്ക് സ്ക്രോൾ ചെയ്യുക.
ദിനം 1
ജെറുശലേമിലേക്കുള്ള ജൈത്രയാത്ര
യേശു പല പ്രാവശ്യം യെരുശലേം സന്ദര്‍ശിച്ചിരുന്നുവെങ്കിലും "ഓശാന ഞായര്” എന്ന് വിളിക്കപ്പെടുന്ന ആ ദിവസം ഒലിവ് മലയില്‍ നിന്നും യെരുശലേമിലേക്ക് താന്‍ നടത്തിയ ആ പ്രവേശനം വലിയ പ്രാധാന്യമുള്ളതായിരുന്നു. പ്രവചനത്തിന്‍റെ പൂര്‍ത്തീകരണത്തിനായി കഴുതക്കുട്ടിയുടെ പുറത്ത് കയറി വന്നത് ഒരു വിജയിയുടെ എളിമ നമ്മെ കാട്ടിത്തരുന്നു. തന്‍റെ ക്രൂശികരണത്തിനും മരണത്തിനും ഒരാഴ്ച മുമ്പുള്ള ആ വരവില്‍ ജനങ്ങള്‍ തങ്ങളുടെ അങ്കികളും മരച്ചില്ലകളും വഴിയില്‍ വിരിക്കുന്നു. ദൈവരാജ്യത്തിന്‍റെ വരവിനായി കാത്തിരുന്ന അവര്‍ പാടുന്നു - ‘യഹോവയുടെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ (സങ്കീ.118:26).
ഒരു നിമിഷം ചിന്തിക്കുക
- ദേവാലയാങ്കണത്തിലെ കച്ചവടം എന്ത് കൊണ്ട് യേശുവിനെ അസന്തുഷ്ടനാക്കി ?
- ക്രിസ്തുവിന്‍റെ എളിമ എങ്ങനെ നിങ്ങളുടെ ജീവിതത്തിന് ഒരു മാതൃകയാക്കാം ?
വിശ്വാസത്തിന്‍റെ ചുവട്
എളിമയുള്ള രാജാവായ കര്‍ത്താവിന് നന്ദി പറയുവാന്‍ ഒരു നിമിഷം വേര്‍തിരിക്കുക. നിങ്ങളുടെ ജീവിതത്തിലെ നാശകരമായ അഹങ്കാരത്തെ ചൂണ്ടി കാണിക്കുവാന്‍ അദ്ദേഹത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുക.
ദിനം 2
യേശുവിന്റെ തൈലാഭിഷേകം മുതൽ അന്ത്യ അത്താഴം വരെ
(മർക്കോസ് 14:1-26)
തന്‍റെ അവസാന നാളുകളില്‍ യേശു മറ്റുള്ളവര്‍ക്കിടയില്‍ കൂടുതലായി ശുശ്രൂഷ ചെയ്തു വന്നു. വിലയേറിയ സുഗന്ധതൈലത്താല്‍ യേശുവിന്‍റെ തലയെ അഭിഷേകം ചെയ്ത സ്ത്രീയുമായുള്ള കണ്ടുമുട്ടല്‍ അത്തരം ഒന്നായിരുന്നു. കണ്ട് നിന്നവര്‍ക്ക് അതൊരു പാഴ് ചിലവായി തോന്നിയെങ്കിലും യേശുവിന് അത് മഹത്തരമായിരുന്നു. മഹാപുരോഹിതന്മാര്‍ക്ക് യേശുവിനെ കാട്ടികൊടുക്കാന്‍ യൂദാസിന് പ്രലോഭനമായി തീര്‍ന്നതും, കര്‍ത്താവിനെക്കാള്‍ പണത്തിന് നല്‍കിയ മുന്‍തൂക്കമാണ്. പെസഹാ ഭക്ഷണത്തിന് ശേഷം തങ്ങളുടെ ജീവിത കാര്യങ്ങള്‍ക്ക് വേണ്ടി എങ്ങനെ യേശുവിനെ ആശ്രയിക്കാമെന്ന് താന്‍ ശിഷ്യന്മാര്‍ക്ക് കാട്ടിക്കൊടുത്തു.
ഒരു നിമിഷം ചിന്തിക്കുക
- യേശുവിനെ ആദരിക്കുവാന്‍ സ്ത്രീ തന്‍റെ വിലപിടിപ്പുള്ള സമ്പാദ്യം ചിലവഴിച്ചു. യേശുവിനെ ആദരിക്കുവാന്‍ ഇന്നു നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം എന്താണ് ?
-
എതിര്‍പ്പും പ്രശ്നങ്ങളും അടുത്തു വരുമ്പോഴും യേശു സമൂഹവുമായി ബന്ധപ്പെട്ട് നിന്നു. അനിശ്ചിതത്തിന്‍റെ സമയത്ത് നിങ്ങള്‍ക്ക് എങ്ങനെ സമൂഹവുമായി ചേര്‍ന്ന് നില്ക്കുവാന്‍ സാധിക്കും ?
വിശ്വാസത്തിന്‍റെ ചുവട്
സമൂഹത്തിലെ ഒരു വ്യക്തിക്ക് പ്രോത്സാഹനത്തിന്‍റെ ഒരു സന്ദേശമോ, സഹായത്തിന്‍റെ ഒരു കരമോ നല്‍കുക.
ദിനം 3
ഗത്സമനെയിൽ യേശുവിനെ ഒറ്റിക്കൊടുക്കുന്നു
മാനസികമോ ആത്മികമോ ആയ വലിയ വ്യഥയെ ആണ് ഗത്സമനെ അനുഭവം എന്നു പറയുന്നത്. തന്‍റെ മരണത്തിന് തൊട്ട് മുമ്പുള്ള രാത്രിയില്‍ യേശു ഗത്സമനെ തോട്ടത്തില്‍ മൂന്ന് ശിഷ്യന്മാരുമായി എത്തി. ഇവിടെയാണ് യേശു നമ്മുടെ മാനുഷിക അവസ്ഥ പങ്ക് വെച്ചത് - വേദന, ആകാംക്ഷ, ഭയം. ആ രാത്രി മുഴുവന്‍ താന്‍ പോരാടി പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു. അനേക മണിക്കൂറുകളിലെ പ്രാര്‍ത്ഥനയുടെ അവസാനം പിതാവ് തനിക്കായി ഒരുക്കിയ പാതയെ അഭിമുഖീകരിക്കുവാന്‍ യേശു തയ്യാറായി.
ഒരു നിമിഷം ചിന്തിക്കുക
- കഴിഞ്ഞ കാലങ്ങളില്‍ കര്‍ത്താവ് നിങ്ങളെ നില നിര്‍ത്തിയ ഒരു അവസരം ഏതായിരുന്നു ?
- സ്വയം കടന്നു പോകാന്‍ സാധിക്കാതിരുന്ന ദു:ഖകരമായ ഒരു അവസരം ഏതായിരുന്നു ?
വിശ്വാസത്തിന്‍റെ ചുവട്
നിങ്ങളുടെ ഹൃദയത്തിലെ മുറിവ് സുഖപ്പെടുത്താന്‍ യേശുവിനെ ക്ഷണിക്കുക. സ്വയം കടന്നു പോകാന്‍ സാധിക്കാതിരുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങളെ നിലനിര്‍ത്തിയതിന് നന്ദി പറയുക.
ദിനം 4
യേശുവിനെ അറസ്റ്റു ചെയ്യുന്നു
താന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടും എന്ന് പിടിക്കപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് യേശു ശിഷ്യന്മാരോട് പറഞ്ഞു. താന്‍ ഒരു പാപവും ചെയ്തില്ലെങ്കിലും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും നയിച്ച ജനക്കൂട്ടം തന്നെ ഒരു കുറ്റവാളിയെപ്പോലെ കരുതി. യെഹൂദന്മാരുടെയോ റോമാക്കാരുടെയോ ഒരു കോടതിയും യേശുവില്‍ ശിക്ഷിക്കാന്‍ പറ്റിയ ഒരു കുറ്റവും കണ്ടെത്തിയില്ല. നമ്മുടെ പാപങ്ങള്‍ നിമിത്തം യേശു അനീതി സഹിച്ചു. പലപ്പോഴും പരീക്ഷ കടന്നു വരുമ്പോള്‍ നാം പത്രോസിനെപ്പാലെ യേശുവിനെ തള്ളി പറയും. അത്തരം അവസരങ്ങളില്‍ യേശുവിന്‍റെ കൃപ നമുക്ക് സഹായമായി വരും.
ഒരു നിമിഷം ചിന്തിക്കുക
- നിങ്ങള്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍ ഒരാളായിരുന്നുവെങ്കില്‍, ക്രിസ്തുവിനെ പിടിച്ച് കെട്ടുന്നത് കാണുമ്പോള്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?
വിശ്വാസത്തിന്‍റെ ചുവട്
ക്രിസ്തുവിന് വേണ്ടി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുവര്‍ക്ക് വേണ്ടി, അവരുടെ സുരക്ഷയ്ക്കും, അവര്‍ വിശ്വാസത്തില്‍ നില നില്ക്കുവാനും വേണ്ടി, ഒരു നിമിഷം പ്രാര്‍ത്ഥിക്കാം.
ദിനം 5
യേശുവിന്റെ വിചാരണയും ക്രൂശീകരണവും
റോമന്‍ ഗവര്‍ണ്ണറായിരുന്ന പീലാത്തോസിന്‍റെ വിസ്താരത്തില്‍ യേശുവില്‍ കുറ്റമൊന്നും കണ്ടില്ല. പക്ഷേ, യഹൂദന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി യേശുവിനെ ക്രൂശിപ്പാന്‍ വിധിച്ചു. യേശുവിന്‍റെ തലയ്ക്ക് മുകളില്‍ യെഹൂദന്മാരുടെ രാജാവ് എന്നൊരു പരിഹാസവാചകവും കുരിശിന്മേല്‍ എഴുതി വെച്ചു.
ഒരു നിമിഷം ചിന്തിക്കുക
- യേശുവിന്‍റെ വിസ്താരത്തില്‍ നിങ്ങളെ അതിശയിപ്പിച്ച ഒരു കാര്യം ഏത് ?
- യേശുവിന്‍റെ ക്രൂശീകരണം നമ്മള്‍ക്ക് എന്താണ് നല്‍കിയത് ?
വിശ്വാസത്തിന്‍റെ ചുവട്
യേശുവിന്‍റെ ക്രൂശീകരണത്തിന്‍റെ വേദഭാഗം വായിച്ച് നിങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ കാര്യം കണ്ടെത്തുക.
ദിനം 6
യേശുവിന്റെ മരണവും ശവസംസ്കാരവും
യേശു മരിച്ച വിധം കണ്ട ശതാധിപന്‍ പറഞ്ഞു- ‘തീര്‍ച്ചയായും ഇയാള്‍ ഒരു ദൈവപുത്രന്‍ ആയിരുുന്നു’. യേശുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ശതാധിപന്‍ പല കാര്യങ്ങളും കണ്ടു. യേശുവിനെ ക്രൂശിച്ച ശേഷം രാവിലെ ഒമ്പത് മണി മുതല്‍ പന്ത്രണ്ട് മണി വരെ ദേശമെല്ലാം ഇരുട്ട് വ്യാപിച്ചു. ദേവാലയത്തിന്‍റെ തിരശ്ശീല മുകളില്‍ നിന്ന് താഴേക്ക് രണ്ടായി കീറിപ്പോയി. ഇതിനേക്കാളും ശതാധിപനെ അമ്പരിപ്പിച്ചത് പാപം ചെയ്യാത്ത ദൈവപുത്രന്‍ പാപികള്‍ക്ക് വേണ്ടി മരിച്ചതായിരുന്നു.
ഒരു നിമിഷം ചിന്തിക്കുക
- യേശുവിന്‍റെ മരണദിവസം എങ്ങനെയാണ് ദൈവം ഒരു യാഗത്തിന്‍റെ കഥ തുന്നിച്ചേര്‍ത്തത് ?
- യേശു മരിച്ചത് എന്‍റെ പാപങ്ങളുടെ മോചനത്തിന് വേണ്ടിയെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ ?
വിശ്വാസത്തിന്‍റെ ചുവട്
മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകുന്ന ഒരു ത്യാഗം ഇന്ന് ചെയ്യുക.
ദിനം 7
യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്
യേശുവിന്റെ മരണം, കബറടക്കം, ഉയിര്‍ത്തെഴുന്നേൽപ്പ് എന്നിവ ലോകചരിത്രത്തിന്‍റെ ഗതിയെ എക്കാലത്തേക്കുമായി മാറ്റി മറിച്ചു. ഇവയാണ് നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം. യേശുവിന്‍റെ മരണം നമ്മുടെ പാപത്തിന്‍റെ പ്രായശ്ചിത്തവും ഉയിര്‍ത്തെഴുന്നേൽപ്പ് പുതിയ ആകാശവും ഭൂമിയിലുമുള്ള നമ്മുടെ നിത്യവാസത്തിന്‍റെ വാഗ്ദത്തവുമാണ്.
ഒരു നിമിഷം ചിന്തിക്കുക
- യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേൽപ്പ് നമ്മുടെ ഇന്നത്തെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും ?
- യേശുവിന്‍റെ ശൂന്യമായ കല്ലറയും, മരണത്തിന്മേലുള്ള വിജയവും നമ്മള്‍ക്ക് നല്‍കുന്ന പ്രത്യാശ എന്താണ് ?
വിശ്വാസത്തിന്‍റെ ചുവട്
ശൂന്യമായ കല്ലറയും മരണത്തിന്മേലുള്ള യേശുവിന്‍റെ വിജയവും ഒരു നിമിഷം ധ്യാനിക്കുക.